Tuesday, April 12, 2011

കാഴ്ച്ച കണ്ടവര്‍ 25 മില്യണ്‍; പരുന്ത് കുടുംബം സൂപ്പര്‍ഹിറ്റ്

(Thanks 4 Mathrubhumi& U Stream)
അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ ഒരു മരത്തിന് മുകളില്‍ കൂടുകൂട്ടി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളെ പോറ്റുന്ന പരുന്ത് കുടുംബത്തിന് ഇന്റര്‍നെറ്റില്‍ എന്തുകാര്യം എന്ന് ചോദിക്കരുത്. അവരുടെ കുടുംബവിശേഷമിപ്പോള്‍ നെറ്റിലെ ഏറ്റവും ചൂടേറിയ സംഭവമാണ്. പരുന്ത് കുടുംബത്തെ ഇതിനകം ലോകമെമ്പാടും 25 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കണ്ടുകഴിഞ്ഞു.http://www.ustream.tv/decoraheagles
അയോവയിലെ ഡെകോറാ ഫിഷ് ഹാച്ചറിയിലെ ഒരു പരുത്തി മരത്തില്‍ 80 അടി മുകളിലാണ് പരുന്ത് കുടുംബം കൂടുകൂട്ടിയിരിക്കുന്നത്. അച്ഛനും അമ്മയും മൂന്നു കുഞ്ഞുങ്ങളുമടങ്ങിയ പക്ഷി കുടുംബം കഴിയുന്നത് ആറടി വിസ്താരവും ഒന്നര ടണ്‍ ഭാരവുമുള്ള കൂടിലാണ്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആ കൂടിനുള്ളില്‍ നടക്കുന്നതെല്ലാം ലക്ഷങ്ങളാണ് വീക്ഷിക്കുന്നത്. ലൈവ് വെബ്കാമിന്റെ സഹായത്തോടെ 'റാപ്ടര്‍ റിസോഴ്‌സ് പ്രോജക്ട്'(Raptor Resource Project) ആണ് പരുന്ത് കുടുംബത്തെ ലോകത്തിന് മുന്നിലെത്തിക്കുന്നത്. ഗരുഡന്‍, പരുന്ത് തുടങ്ങിയ പക്ഷിയിനങ്ങളുടെ സംരക്ഷണയ്ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് റാപ്ടര്‍ പ്രോജക്ട്.

രാവും പകലും വ്യത്യാസമില്ലാതെ പരുന്ത് കുടുംബത്തിലെ വിശേഷങ്ങള്‍ ഇപ്പോള്‍ ലൈവ് വീഡിയോയുടെ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇരുട്ടിലും കാഴ്ച മുടങ്ങാതിരിക്കാന്‍ ഇന്‍ഫ്രാറെഡ് ലൈറ്റിന്റെ സഹായം തേടിയിരിക്കുന്നു.

'പ്രതികൂലമായ സംഗതികളല്ല, ഗുണപരമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് ലോകം ആഗ്രഹിക്കുന്നത്, ഈ വീഡിയോയില്‍ നിന്ന് ഗുണപരമായ സംഗതിയാണ് ആളുകള്‍ അനുഭവിക്കുന്നത്'-റാപ്ടര്‍ പ്രോജക്ട് ഡയറക്ടര്‍ ബോബ് ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ലൈവ് വീഡിയോ സ്ട്രീം നേടുന്ന അഭൂതപൂര്‍വമായ ജനപ്രീതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശരിക്കും സ്‌കൂളുകളിലെയും സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ആന്‍ഡേഴ്‌സണും കൂട്ടരും ലൈവ് വീഡിയോ പ്രക്ഷേപണം തുടങ്ങിയത്. 'യുസ്ട്രീം' എന്ന സൈറ്റിന്റെ സഹായം ലഭിച്ചതോടെ ഇത്തവണ അത് വന്‍തരംഗമായി.

ഈ പരുന്ത് കുടുംബത്തിലെ നാഥനും നാഥയും 2007-08 കാലം മുതല്‍ തന്നെ ഒരുമിച്ചാണ് പാര്‍ക്കുന്നതെന്ന് റാപ്ടര്‍ പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. അക്കാലം മുതല്‍ ഇവ മുട്ടയിട്ട് സന്താനോത്പാദനം നടത്തുന്നുണ്ട്. കഴിഞ്ഞ ഫിബ്രവരിയില്‍ പെണ്‍പരുന്ത് മൂന്നു മുട്ടയിട്ടതോടെ, ആ പക്ഷി കുടുംബത്തോടുള്ള താത്പര്യം വര്‍ധിക്കാനാരംഭിച്ചു.

'അത്ഭുതകരമായ തരത്തിലുള്ള ഒരു പഠനോപകരണമാണ് ഇപ്പോള്‍ ഈ ലൈവ് വീഡിയോ. പ്രകൃതി മാതാവിനെ സംബന്ധിച്ച് വലിയ ഉള്‍ക്കാഴ്ചയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്-ആന്‍ഡേഴ്‌സണ്‍ പറയുന്നു.

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .