Sunday, May 1, 2011

ഓട്ടോറണ്‍ എന്ന വില്ലന്‍


സി.ഡി, പെന്‍ഡ്രൈവ് തുടങ്ങിവയിലൂടെയുള്ള വൈറസ് ആക്രമണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ ഒരു വിന്‍ഡോസ് ഫീച്ചറാണ് ഓട്ടോറണ്‍. നീക്കം ചെയ്യാവുന്ന ഡ്രൈവുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ഏതു പ്രോഗ്രാമാണ് ആദ്യം പ്രവര്‍ത്തിക്കേണ്ടത് എന്നുള്ള വിവരം നല്‍കുന്ന ഒരു ചെറിയ ഫയലണ് Autorun.inf. പലരും ഓട്ടോറണ്ണിനെ ഒരു വൈറസ് ആയി തെറ്റിദ്ധരിക്കാറുണ്ട്. Autorun.inf. പ്രോഗ്രാമുകളുടെ ഇന്‍സ്റ്റാലേഷന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയതെങ്കിലും, ഉപയോക്താക്കളറിയാതെ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് നിശബ്ദമായ വൈറസ് സംക്രമണത്തിന് ഏറ്റവും കൂടുതല്‍ വഴിയൊരുക്കിയതും ഇതുതന്നെയാണ്. 


സ്വാഭാവികമായും വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ സി.ഡി,യു എസ് ബി,പെന്‍ഡ്രൈവ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യം പരിശോധിക്കുക Autorun.inf. എന്ന ഫയല്‍ ഉണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ പ്രസ്തുത ഫയലിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ പ്രോഗ്രാം സ്വയമേവ തുറക്കപ്പെടുന്നു. ഈ ഉദാഹരണം ശ്രദ്ധിയ്ക്കുക.


[autorun]
open=autorun.exe
icon=autorun.ico

ഇത് ലളിതമായ ഒരു ഓട്ടോറണ്‍ ഫയലിന്റെ ഉള്ളടക്കമാണ്. അതായത് ഈ ഫയല്‍ ഉള്ള ഒരു പെന്‍ഡ്രൈവ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ആ ഡ്രൈവിലുള്ള autorun.exe എന്ന പ്രോഗ്രാം സ്വയം തുറക്കപ്പെടുന്നു. സാധാരണഗതിയില്‍ വൈറസ് സംക്രമണത്തിനായി വൈറസുകളും അതിനോടു ബന്ധപ്പെട്ട ഓട്ടോറണ്‍ ഫയലും മറഞ്ഞിരിക്കുകയാണ് പതിവ്. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ ബന്ധിക്കപ്പെട്ട പെന്‍ഡ്രൈവുകളിലേക്കും മറ്റും വൈറസ് പ്രോഗ്രാമും ഒട്ടോറണ്ണും ഉപയോക്താക്കള്‍ അറിയാതെ തന്നെ പകര്‍ത്തപ്പെടുന്നു. പിന്നീട് മറ്റൊരു കമ്പ്യൂട്ടറില്‍ ഇതേ ഡ്രൈവ് തുറക്കുമ്പോള്‍ ഓട്ടോറണ്‍ ഫയല്‍ മുഖേന വൈറസ് അതിലേക്കും ബാധിക്കുന്നു. 

ഓട്ടോറണ്‍ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാനുള്ള രീതികള്‍ മൈക്രോസോഫ്റ്റിന്റെ ഈ പേജില്‍ലഭ്യമാണ്. വിന്‍ഡോസ് വിസ്തയ്ക്കു മുന്‍പു വരെയുള്ള പതിപ്പുകളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സിഡികളില്‍ നിന്നും മറ്റും ഓട്ടോറണ്ണിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാളാകുമായിരുന്നു.മൈക്രോസോഫ്റ്റിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്ന ഒട്ടോറണ്‍ ഭീഷണി ഫലപ്രദമായി ഒഴിവാക്കാന്‍ കഴിഞ്ഞത് അടുത്ത കാലത്താണ്. വിന്‍ഡോസ് 7 പുറത്തിറക്കിയ അവസരത്തിലാണ് മൈക്രോസോഫ്റ്റ് ഓട്ടോറണ്‍ മൂലമുണ്ടായ പൊല്ലാപ്പുകള്‍ തുറന്നു സമ്മതിച്ചത്. വിന്‍ഡോസ് 7 ല്‍ പ്രധാനമായും രണ്ടു മാറ്റങ്ങളാണ് വരുത്തിയത്, ഒന്ന് സി.ഡി, ഡി.വി.ഡി,പെന്‍ ഡ്രൈവുകളിലൊഴികെ ഓട്ടോപ്ലേ ഫീച്ചര്‍ സാദ്ധ്യമല്ലാതാക്കി. അതായത് പ്രോഗ്രാമുകള്‍ ഓട്ടോറണ്‍ വഴി സ്വയം ഇന്‍സ്റ്റാള്‍ ആകുകയില്ല. രണ്ടാമതായി എക്‌സിക്യൂട്ടബിള്‍ പ്രോഗ്രാമുകളുടെ സാന്നിധ്യം ഒരു പോപ്‌ അപ്പ്‌ ഡയലോഗ് ബോക്‌സിലൂടെ ദൃശ്യമാക്കുന്നു. ഇതു വഴി അപകട ഭീഷണി മനസ്സിലാക്കാന്‍ കഴിയുന്നു. വിന്‍ഡോസ് 7 ല്‍ ഈ ഫീച്ചര്‍ ഫലപ്രദമായിക്കണ്ടതിനാല്‍ ഒരു അപ്‌ഡേറ്റിലൂടെ മറ്റു വിന്‍ഡോസ് പതിപ്പുകളിലും ഇത് ലഭ്യമാക്കിയിരുന്നു.

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .